09:05am 09 September 2026
NEWS
അമേരിക്കയിലെ കുടിയേറ്റ ശതകോടീശ്വരന്മാരിൽ ഇന്ത്യ ഒന്നാമത്; 19 പേർ പട്ടികയിൽ; മസ്കിന്റെ സമ്പത്ത് 927 ബില്യൻ ഡോളർ
08/09/2026  07:06 AM IST
nila
അമേരിക്കയിലെ കുടിയേറ്റ ശതകോടീശ്വരന്മാരിൽ ഇന്ത്യ ഒന്നാമത്; 19 പേർ പട്ടികയിൽ; മസ്കിന്റെ സമ്പത്ത് 927 ബില്യൻ ഡോളർ

ന്യൂയോർക്ക്: അമേരിക്കയുടെ സാമ്പത്തിക വളർച്ചയിൽ കുടിയേറ്റക്കാരുടെ പങ്ക് വീണ്ടും വ്യക്തമാക്കുന്ന കണക്കുകളുമായി ഫോബ്സ്. യുഎസിലെ കുടിയേറ്റ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 2026ലെ പട്ടികയിൽ 19 ഇന്ത്യക്കാരാണ് ഇടം നേടിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പിന്നിലുള്ള രാജ്യങ്ങളേക്കാൾ വലിയ വ്യത്യാസമാണ് ഈ കണക്കിൽ.

മറ്റൊരു രാജ്യത്ത് ജനിച്ച് പിന്നീട് യുഎസിലേക്ക് പ്രവർത്തനമേഖല മാറ്റുകയും ശതകോടീശ്വരന്മാരായി മാറുകയും ചെയ്ത 144 പേരാണ് ഇത്തവണ ഫോബ്സ് പട്ടികയിലുള്ളത്. ഇവരുടെ ആകെ സമ്പത്ത് 2.2 ട്രില്യൻ ഡോളർ വരും. ഏകദേശം 210 ലക്ഷം കോടി രൂപയാണിത്.

കഴിഞ്ഞ വർഷം പട്ടികയിൽ 125 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ സംയോജിത ആസ്തി 1.3 ട്രില്യൻ ഡോളറുമായിരുന്നു. അതായത്, ഒരു വർഷത്തിനിടെ കുടിയേറ്റ ശതകോടീശ്വരന്മാരുടെ എണ്ണത്തിലും സമ്പത്തിലും വലിയ കുതിപ്പാണ് ഉണ്ടായത്.

മസ്ക് ഒന്നാമൻ

കുടിയേറ്റ ശതകോടീശ്വരന്മാരിൽ സമ്പത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഇലോൺ മസ്ക്. 927 ബില്യൻ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

റഷ്യയിൽ ജനിച്ച സെർജി ബ്രിൻ 272 ബില്യൻ ഡോളറുമായി രണ്ടാം സ്ഥാനത്തും തായ്‍വാനിൽ ജനിച്ച ജെൻസൻ ഹുവാങ് 176 ബില്യൻ ഡോളറുമായി മൂന്നാം സ്ഥാനത്തുമാണ്.

ഹംഗറിയിൽ ജനിച്ച തോമസ് പീറ്റർഫൈ, ഇസ്രയേലിൽ ജനിച്ച മിറിയം ആഡേൾസൺ, തായ്‍വാനിൽ ജനിച്ച ഡേവിഡ് സൺ എന്നിവരാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റ് പ്രമുഖർ.

ഇന്ത്യക്കാരുടെ എണ്ണം കുതിച്ചു

കുടിയേറ്റ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് 2026ൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. മുൻ കണക്കിനെ അപേക്ഷിച്ച് 12 പേരുടെ വർധന രേഖപ്പെടുത്തി 19 എന്ന എണ്ണത്തിലെത്തി.

ഇസ്രയേലും തായ്‍വാനും 11 പേരുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ചൈനയിൽ നിന്ന് 9 പേരും കാനഡയിൽ നിന്ന് 8 പേരും ഇറാനിൽ നിന്ന് 7 പേരുമാണ് പട്ടികയിലുള്ളത്.

ജർമനി – 6, ഫ്രാൻസ് – 5, യുകെ – 5 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ കണക്ക്.

ആദ്യ പത്തിൽ ഇന്ത്യക്കാരില്ല

എണ്ണത്തിൽ ഇന്ത്യ മുന്നിലാണെങ്കിലും സമ്പത്തിന്റെ കാര്യത്തിൽ ആദ്യ പത്തിൽ ഒരു ഇന്ത്യക്കാരനും ഇടം നേടിയിട്ടില്ല.

വിനോദ് ഖോസ്ലയാണ് ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യക്കാരൻ. 13.9 ബില്യൻ ഡോളർ ആസ്തിയുമായി 14-ാം സ്ഥാനത്താണ് അദ്ദേഹം. സൺ മൈക്രോസിസ്റ്റംസുമായി ബന്ധപ്പെട്ട ഖോസ്ലയ്ക്ക് പിന്നാലെ 8.2 ബില്യൻ ഡോളർ ആസ്തിയുള്ള ജയ് ചൗധരി 25-ാം സ്ഥാനത്തുണ്ട്.

പാക്കിസ്ഥാനിൽ നിന്നുള്ള രണ്ട് പേരാണ് പട്ടികയിലുള്ളത്. ഓട്ടോമോട്ടിവ് രംഗത്തെ പ്രമുഖനായ ഷഹീദ് ഖാൻ 14.9 ബില്യൻ ഡോളർ ആസ്തിയുമായി 13-ാം സ്ഥാനത്തുണ്ട്.

45 രാജ്യങ്ങളിൽ നിന്നുള്ളവർ

യുഎസിലെ ആകെ ശതകോടീശ്വരന്മാരിൽ ഏകദേശം 15 ശതമാനവും കുടിയേറ്റക്കാരാണ്. 45 രാജ്യങ്ങളിൽ ജനിച്ചവരാണ് ഇത്തവണത്തെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 42 രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു ഉണ്ടായിരുന്നത്.

സ്പേസ്, സെർച്ച് എൻജിൻ, സെമികണ്ടക്ടർ തുടങ്ങിയ സാങ്കേതിക മേഖലകളിലാണ് ഇത്തവണ കുടിയേറ്റ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനയുണ്ടായത്.

പട്ടികയിലെ ഇന്ത്യക്കാരുടെ റാങ്കുകൾ

രാകേഷ് ഗാംഗ്വാൾ (42), റൊമേഷ് ടി. വാധ്വാനി (45), കവിതാർക് റാം ശ്രീറാം (60), രാജീവ് ജെയിൻ (61), ഹേമന്ത് തനേജ (66), സഞ്ജയ് ഗജേന്ദ്ര (77), ജിതേന്ദ്ര മോഹൻ (77), ജ്യോതി ബൻസാൽ (91), ഡേവിഡ് പോൾ (102), രാജ് സർദാന (102), നികേഷ് അറോറ (113), സുന്ദർ പിച്ചൈ (113), കെ.ആർ. ശ്രീധർ (123), സഞ്ജയ് മെഹ്റോത്ര (129), സത്യ നാദേല്ല (129), നീരജ് സേഥി (134), ശ്യാം ശങ്കർ (140) എന്നിവരും പട്ടികയിൽ ഇടം നേടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img